ചെറുപുഴ: റോഡില്ല, വൈദ്യുതിയില്ല, വെള്ളമില്ല. ആറുദിവസമായി ജോസ്ഗിരി ഒറ്റപ്പെട്ടിരിക്കുകയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരിതം പേറുകയാണ് ജോസ്ഗിരി. ആറുദിവസമായി വാഹനങ്ങൾക്ക് കടക്കാനായിട്ടില്ല. ഹൈടെൻഷൻ വൈദ്യുതി തൂണുകളടക്കം തകർന്ന് മണ്ണിനടിയിലായതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. മോട്ടോറുകൾ പ്രവർത്തിപ്പിക്കാനാകാത്തതിനാൽ കുടിവെളളക്ഷാമവും രൂക്ഷം. മൊബൈൽ ഫോണുകളും എമർജൻസി ലൈറ്റുകളും പ്രവർത്തിക്കുന്നില്ല. ജോസ്ഗിരി യുപി സ്കൂളിലേക്ക് അധ്യാപകർക്കും ജീവനക്കാർക്കും എത്താൻ കഴിയില്ല. ജോസ്ഗിരിയിൽ നിന്നു മറ്റു സ്ഥലങ്ങളിൽ പോയി പഠിക്കുന്നവർക്കും ദുരിതം തന്നെ.
കെഎസ്ആർടിസി ബസുകൾ രാജഗിരി വരെ വന്നു തിരികെ പോവുകയാണ്. കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ റോഡിൽ കല്ലും മണ്ണും മരങ്ങളും ചെളിയും നിറഞ്ഞിരിക്കുകയാണ്. ആളുകൾക്ക് ജോസ്ഗിരി പള്ളിയിലേക്കും പോകാൻ കഴിയുന്നില്ല.
ചെറുപുഴ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ടതാണ് ജോസ്ഗിരി. വാർഡംഗം ഷൈമ തച്ചുകുന്നേൽ പ്രളയമുണ്ടായതിന് ശേഷം മൂന്നാം ദിവസമാണ് ജോസ്ഗിരിയിലെ തന്റെ വീട്ടിലെത്തുന്നത്. പ്രധാന റോഡായ രാജഗിരി-ജോസ്ഗിരി പിഡബ്ള്യുഡി റോഡിലെ ഗതാഗത തടസം നീക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. നാശം വളരെ വലുതായതിനാൽ ഇനിയും സമയമെടുക്കും. രാജഗിരിക്കും ജോസ്ഗിരിക്കും ഇടയിൽ തോട്ടുചാലിൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ നീക്കാനുള്ള ശ്രമം നടക്കുകയാണ്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയാണ്.
വീണുകിടക്കുന്ന കൂറ്റൻ പാറകൾ ജാക്ക് ഹാമർ ഉപയോഗിച്ച് പൊട്ടിച്ചുനീക്കുന്നു. മണ്ണ് നീക്കിയതിനുശേഷം മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയൂ. ഇതിനും ദിവസങ്ങൾ വേണ്ടിവരും. മലവെളളപ്പാച്ചിലിൽ രാജഗിരി മുതൽ ജോസ്ഗിരി വരെയുള്ള റോഡ് കിളച്ച് മറിച്ചതുപോലെയാണുള്ളത്. ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കുന്നത് കൂടുതൽ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദുരന്തമുഖത്ത് സിപിഎം മുതലെടുപ്പിന് ശ്രമിച്ചു; കോൺഗ്രസ്
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ ജനപ്രതിനിധികൾ, നേതാക്കൾ, പ്രവർത്തകർ, വിവിധ സംഘടനകൾ, പോലീസ്, അഗ്നിരക്ഷാ സേനാംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് നന്ദി അറിയിച്ചു. രക്ഷാപ്രവർത്തനം നടത്തിയതിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള സിപിഎം പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തും ജനപ്രതിനിധികളും ദുരന്തമുഖത്ത് സജീവമായി ഇടപെടുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. എന്നിട്ടും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താൻ സിപിഎം നേതൃത്വം ശ്രമിച്ചു. സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത് നിന്ദ്യമാണെന്നും നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, കോൺഗ്രസ് നേതാക്കളായ മഹേഷ് കുന്നുമ്മൽ, കെ.കെ. സുരേഷ് കുമാർ, ടി.പി. ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.